കോഴിക്കോട്: കോഴിക്കോട്ടെ ഷോക്കില്‍ വിറങ്ങലിച്ച ഇടതുമുന്നണിക്ക് ഒരു തരി കനലായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ 13ല്‍ 11 സീറ്റും നേടിയ ഇടത് മുന്നണിക്ക് ഇത്തവണ ഒറ്റ സീറ്റ് മാത്രമാണ് ജില്ലയില്‍നിന്നു ലഭിച്ചത്.
റിയാസ് ബേപ്പൂരില്‍ വിജയിച്ചെങ്കിലും ഭൂരിപക്ഷം നാലിനൊന്നായി കുറഞ്ഞു. ബേപ്പൂര്‍ പോലുള്ള സിപിഎം ഉരുക്കുകോട്ടയില്‍ പാര്‍ട്ടി വോട്ടുകള്‍ നഷ്ടപ്പെട്ടത് വലിയ ഞെട്ടലാണ് പാര്‍ട്ടിക്കുണ്ടാക്കിയിരിക്കുന്നത്.
7,487 വോട്ടുകളുടെ ഭൂരിപക്ഷമാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് ലഭിച്ചത്. കഴിഞ്ഞ തവണ 28,000ൽ അധികം വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു റിയാസിനുണ്ടായിരുന്നത്.
ഇത്തവണ യുഡിഎഫ് പിന്തുണയോടെ മത്സരിച്ച പി.വി. അന്‍വര്‍ ഉയര്‍ത്തിയ കനത്ത വെല്ലുവിളി അതിജീവിച്ചാണ് റിയാസ് ബേപ്പൂര്‍ തീരത്ത് വിജയകപ്പല് അടുപ്പിച്ചത്.
പി.വി. അന്‍വര്‍ വോട്ട് പിടിക്കുമെന്നറിയാമായിരുന്നുവെങ്കിലും പതിനയ്യായിരത്തിനപ്പുറത്ത് ഭൂരിപക്ഷമുണ്ടാകുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ കരുതിയിരുന്നത്. ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് പ്രകാശ്ബാബു ബേപ്പൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായതോടെ ശക്തമായ ത്രികോണമല്‍സര പ്രതീതി ഇവിടെ ഉണ്ടായിരുന്നു.
അതുകൂടി അതിജീവിച്ചാണ് റിയാസ് ജയിച്ചുകയറിയത്. 81,849 വോട്ടുകളാണ് റിയാസിന് ലഭിച്ചത്. അന്‍വറിന് 74,362 വോട്ടുകളും പ്രകാശ്ബാബുവിന് 26,543 വോട്ടുകളും ലഭിച്ചു.